ജനസംഖ്യ കുറഞ്ഞു കുറഞ്ഞ് രാജ്യത്ത് ആൾക്കാർ ഇല്ലാത്ത നില വരുമോ? അങ്ങനെ സംഭവിക്കുമോ എന്നാകും ആദ്യ പ്രതികരണം. സ്വാഭാവികം. ഒരു രാജ്യത്തു ജനങ്ങൾ ഇല്ലാതാകുന്നത് അചിന്ത്യമാണ്, ഇപ്പോൾ.
ഇപ്പോൾ എന്നേ പറയാനാകൂ. നാളെ ചിലപ്പോൾ അങ്ങനെ സംഭവിച്ചുകൂടായ്കയില്ല. വിവാഹവും പ്രസവവും വേണ്ടെന്നു വയ്ക്കുന്ന പ്രവണത യുവജനങ്ങളിൽ വർധിച്ചുവരികയാണ്. ദക്ഷിണകൊറിയ ഉദാഹരണമാണ്. ഈ രീതിയിൽ മുന്നോട്ടു പോയാൽ രാജ്യം എന്താകും എന്ന ഭീതിയിലാണ് അഞ്ചു കോടിയിലധികം ജനങ്ങളുള്ള ആ രാജ്യം.
അര നൂറ്റാണ്ടു മുൻപ് വടക്കുകിഴക്കൻ ഏഷ്യയിലെ ഒരു പരമ്പരാഗത കൺഫൂഷ്യൻ സമൂഹമായിരുന്നു ദക്ഷിണകൊറിയയിലേത്. മുതിർന്നവരോടുള്ള ആദരവും അനുസരണയും കുടുംബത്തോടുള്ള വിധേയത്വവും പുരുഷാധിപത്യവും ഒക്കെ ഉൾപ്പെട്ട കൺഫൂഷ്യൻ ആശയങ്ങൾ രൂഢമൂലമായിരുന്ന സമൂഹം. വ്യവസായ-വാണിജ്യ മേഖലകളിലും അതു നിലനിന്നു. കുടുംബ ബിസിനസുകൾ വളർന്നു പന്തലിച്ചു. പക്ഷേ, ആ സമൂഹം ഇന്നു മാറിവരികയാണ്.
കൊറിയ മാറിയ കഥ
തനിയെ മാറിയതല്ല. മാറ്റിയതാണ്. 1962ൽ കൊറിയയിലെ പ്രത്യുത്പാദന നിരക്ക് (ടിഎഫ്ആർ- ശരാശരി സ്ത്രീയുടെ സജീവപ്രസവം) ആറ് ആയിരുന്നു. വർഷം മൂന്നു ശതമാനം വച്ച് ജനസംഖ്യ വർധിച്ചുവന്ന കാലം. കൊറിയക്കാരുടെ ആളോഹരി വരുമാനം 100 ഡോളറിൽ താഴെ മാത്രം. ഒരു ദരിദ്ര കാർഷിക രാജ്യം. അക്കൊല്ലം ഭരണം പിടിച്ച പട്ടാള മേധാവി പാർക്ക് ചുങ് ഹീ രാജ്യത്തെ സമ്പന്നമാക്കാൻ ശ്രമം തുടങ്ങി. അതിലെ പ്രധാന ഘടകം ജനപ്പെരുപ്പം തടയലായിരുന്നു. രണ്ടിൽ നിർത്തുക, ഒന്നു മതി തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ പ്രചാരണം തീവ്രമായി നടത്തി. ഫലമുണ്ടായി.
1983ൽ കൊറിയയിലെ പ്രത്യുത്പാദന നിരക്ക് 2.1ൽ എത്തി. നിലവിലെ ജനസംഖ്യ നിലനിർത്താൻ മാത്രമുള്ള നിരക്ക്. രാജ്യം സമ്പന്നമായി. ഏഷ്യാഡും ഒളിമ്പിക്സും ഫുട്ബോൾ ലോകകപ്പും ഒക്കെ നടത്താൻ പ്രാപ്തമായി.
പരിധിവിട്ടു താഴേക്ക്
പക്ഷേ അവിടെ നിന്നില്ല. പ്രത്യുത്പാദന നിരക്കു താഴോട്ടു യാത്ര തുടർന്നു. 40 വർഷം കഴിഞ്ഞു 2023ൽ നിരക്ക് 0.72 ആയി. ഈ നിരക്ക് തുടർന്നാൽ 2100 ആകുമ്പോൾ രാജ്യത്തെ ജനസംഖ്യ മൂന്നിലൊന്നിൽ താഴെയാകും. 5.2 കോടിയിൽനിന്ന് 1.7 കോടിയിലേക്ക്. യുഎൻ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട്സ് 2024 റിപ്പോർട്ടിൽ പറയുന്നതാണിത്.
മൂന്നു ദശകം മുൻപേ അധികാരികൾ അപകടം മണത്തു. 1996ൽ ജനനനിയന്ത്രണ പ്രചാരണങ്ങൾ അവസാനിപ്പിച്ചു. പിന്നീടു ജനനം കൂട്ടാനുള്ള ശ്രമങ്ങളായി. പക്ഷേ, ഒരു തലമുറ മധ്യപ്രായം കടന്നു പോകുമ്പോൾ ദക്ഷിണകൊറിയ മറ്റൊരു കാര്യമാണു കാണുന്നത്.
കൺഫൂഷ്യസിനെ മാറ്റി
ജനസംഖ്യ സ്വാഭാവിക തളർച്ചയിലേക്കു മാറി. ജനനത്തേക്കാൾ കൂടുതൽ മരണം നടക്കുന്നു. 2020ൽ ജനനത്തേക്കാൾ 32,763 എണ്ണം കൂടുതലായി മരണം. പിറ്റേ വർഷം 52,918 മരണം കൂടുതലായിരുന്നു. ജനസംഖ്യ കുറഞ്ഞു. ഇപ്പോഴും കുറയുന്നു. കൂടുതൽ കുടിയേറ്റക്കാർ വന്ന രണ്ടു വർഷങ്ങളിൽ മാത്രം ജനസംഖ്യ കൂടി.
മൂന്നു ദശകത്തിലേറെക്കാലം ജനനം കുറയ്ക്കാൻ ഭരണകൂടം ജനത്തെ നിർബന്ധിച്ചു. നൂറ്റാണ്ടുകളുടെ കൺഫൂഷ്യൻ പാരമ്പര്യത്തെ വിട്ട് അവർ ജനനം കുറച്ചു. ഇപ്പോൾ ജനനം കൂട്ടാൻ പറയുമ്പോൾ അവർ മുഖം തിരിക്കുന്നു. കൊറിയൻ യുവാക്കൾ മാറിപ്പോയി. മൂന്നു കുട്ടികൾ ഉള്ള പുരുഷന്മാരെ നിർബന്ധിത സൈനിക സേവനത്തിൽനിന്ന് ഒഴിവാക്കി. കമ്പനികൾ ജോലിക്കാർക്കു കുട്ടികൾ ഉണ്ടായാൽ ബോണസ് നൽകുന്നു. ഒന്നും ഫലിച്ചില്ല.
നാലു ‘ബി’കൾ
അതെന്താണെന്ന് ദക്ഷിണകൊറിയയിലെ തീവ്ര ഫെമിനിസ്റ്റുകളുടെ ഫോർ ബി (4 B) പ്രസ്ഥാനം പറയുന്നതു ശ്രദ്ധിക്കുക. B കൊറിയൻ ഭാഷയിലെ bi എന്ന വാക്കിന് പകരമാണ്. bi എന്നാൽ ഇല്ല, വേണ്ട (No) എന്നൊക്കെ അർഥം.
4 B (Four Nos) പ്രസ്ഥാനം പറയുന്നതു നാലു കാര്യങ്ങളാണ്.
ബി ഹോൺ - വിവാഹം വേണ്ട
ബി ചുൽസാൻ - പ്രസവം വേണ്ട
ബി യിഓേണെ - ഡേറ്റിംഗ് വേണ്ട
ബി സെക്സൻ - സെക്സ് വേണ്ട
ഫോർ ബി യിൽ ഏതാനുമായിരം അംഗങ്ങൾ മാത്രം. പക്ഷേ അവർ പറയുന്ന കാര്യങ്ങൾ പലതും കേരളമടക്കം എല്ലായിടത്തും നാം കേൾക്കുന്നുണ്ട്.
സർവേകൾ പറയുന്നത്
ഇതൊരു ട്രെൻഡ് ആയി മാറുന്നു, പ്രത്യേകിച്ചും സ്ത്രീകൾക്കിടയിൽ. 2022ൽ കൊറിയയിൽ നടത്തിയ ഒരു സർവേയിലെ കണ്ടെത്തലുകൾ ശ്രദ്ധേയമാണ്. 19നും 34നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 69.7 ശതമാനത്തിനു മാത്രമേ വിവാഹത്തിനു താത്പര്യം ഉള്ളൂ. ആണുങ്ങളിൽ 79.8 ശതമാനം വിവാഹതാത്പര്യം പറഞ്ഞു. ഇതേ സർവേയിലെ 55.3 ശതമാനം സ്ത്രീകൾ മാത്രം കുട്ടികൾ വേണമെന്നു പറഞ്ഞപ്പോൾ പുരുഷന്മാരിൽ 70.5 ശതമാനം കുട്ടികൾ വേണമെന്ന ആഗ്രഹം പറഞ്ഞു. 2026ലെ സർവേയിൽ 47.6 ശതമാനം യുവതികൾ മാത്രമേ വിവാഹത്തോട് അനുകൂലമായി പ്രതികരിച്ചുള്ളൂ. പുരുഷന്മാരിൽ 60.8 ശതമാനം വിവാഹതാത്പര്യം പ്രകടിപ്പിച്ചു.
തൊഴിലും വീട്ടുജോലിയും കുട്ടികളെ വളർത്തലും ഒന്നിച്ചു കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടാണു വിവാഹത്തിനെതിരേ യുവതികൾ ചൂണ്ടിക്കാട്ടിയ കാര്യം. കുടുംബത്തേക്കാൾ കരിയറും കുട്ടികളേക്കാൾ പ്രഫഷണൽ ഉയർച്ചയും പ്രധാനമായി കാണുന്ന തലമുറയാണ് വളരുന്നത്. ഇതു കൊറിയയിലും ഏഷ്യയിലും മാത്രമല്ല, എല്ലാ ഭൂഖണ്ഡങ്ങളിലും കാണുന്ന പ്രവണതയാണ്.
യാഥാസ്ഥിതിക മൂല്യങ്ങൾ പുലർത്തിയിരുന്ന ദക്ഷിണകൊറിയ ആറു ദശകം കൊണ്ടു മാറിയതുപോലെ കേരളവും മാറുകയല്ലേ എന്നു ചോദിക്കേണ്ടിയിരിക്കുന്നു. കൊറിയയെ അപേക്ഷിച്ചു കൂടുതൽ യുവതീയുവാക്കൾ ഇവിടെനിന്നു കുടിയേറിപ്പോയി. അവർ ചെന്ന നാടുകളിലെ ജീവിതശൈലിയും മൂല്യങ്ങളും ആണു പുലർത്തുന്നത്. യുഎസ്എ, കാനഡ, യുകെ, അയർലൻഡ്, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങി മലയാളികൾ ഗണ്യമായി കുടിയേറിയ നാടുകളിലെല്ലാം പ്രത്യുത്പാദന നിരക്ക് 1.6 ൽ കുറവാണ്. കേരളം ആ നാടുകളേക്കാൾ മുന്നേറി. ഈ മുന്നേറ്റം കൊറിയയുടെയും ജപ്പാന്റെയും ചൈനയുടെയും അവസ്ഥയിലേക്ക് കേരളത്തെ എത്തിക്കുമോ?
എന്തുകൊണ്ടു ജനനം കുറയുന്നു?
വികസിത രാജ്യങ്ങളിൽ ജനനനിരക്കു കുറയുന്നതു ബോധപൂർവമായ തീരുമാനങ്ങളുടെ ഫലമാണെന്ന് ഗാരി എസ്. ബെക്കർ 1960കളിൽ ചൂണ്ടിക്കാട്ടി. 1992ലെ ധനശാസ്ത്ര നൊബേൽ പുരസ്കാരം നേടിയ ആളാണു ബെക്കർ (1930 -2014).
ശിശുമരണനിരക്ക് കുറഞ്ഞപ്പോൾ ജനിക്കുന്ന കുട്ടികൾ മിക്കവരും പ്രായപൂർത്തി എത്തുമെന്ന് ഉറപ്പായി. ഭാവിക്കുവേണ്ടി കൂടുതൽ പേരെ ജനിപ്പിക്കേണ്ട കാര്യമില്ല. എണ്ണമല്ല ഗുണമാണു പ്രധാനം എന്നു കുടുംബങ്ങൾ തീരുമാനിക്കുന്നു. മികച്ച വിദ്യാഭ്യാസവും പരിശീലനവും നൽകുന്നതു ചെലവേറിയ കാര്യമാണ്. അതിനാൽ കുറച്ചു സന്താനങ്ങളെ ജനിപ്പിച്ച് നല്ല പണം മുടക്കി ‘നന്നായി’ വളർത്തുന്നു. അതാണു ബെക്കർ പറഞ്ഞത്.
ഈ വാദം കുട്ടികളെ റഫ്രിജറേറ്ററോ വാഷിംഗ് മെഷീനോ പോലെ കണക്കാക്കുന്നതാണ് എന്ന വിമർശനമുണ്ട്. എങ്കിലും ജനനം കുറയുന്നതു വിശദീകരിക്കാൻ വിദഗ്ധരും അല്ലാത്തവരും ഈ ചെലവുസിദ്ധാന്തത്തെ ആശ്രയിച്ചു. വിദ്യാഭ്യാസച്ചെലവും പാർപ്പിട വാടകയും കൂടുതലായതുകൊണ്ടാണ് കുട്ടികളുടെ എണ്ണം കുറച്ചത് എന്നു പലരും ന്യായീകരിക്കുന്നതു ബെക്കറുടെ വാദത്തിന്റെ ജനകീയത കാണിക്കുന്നു.
പങ്കാളികൾ ചുമതല പങ്കുവയ്ക്കുന്നില്ല
ഹാർവാഡിലെ പ്രഫസറും ധനശാസ്ത്ര നൊബേൽ ജേതാവുമായ ക്ലോഡിയ ഗോൾഡിൻ എഴുതിയ പ്രബന്ധം (The Rise of Female Autonomy and the Decline of Fertility: The Role of Mismatch. NBER W35425. July 2026) മറ്റൊരു വിഷയമാണു പഠിച്ചത്. പ്രഫഷനിൽ വളരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ നേരത്തേ വിവാഹം കഴിക്കുന്നില്ല, വിവാഹിതരായാലും പ്രസവം വൈകിക്കുന്നു, കുറയ്ക്കുന്നു, ചിലപ്പോൾ ഒഴിവാക്കുന്നു. ഇതിനു കാരണം പങ്കാളികൾ ശിശുപരിപാലനം മുതൽ കുടുംബത്തിലെ ജോലികളിലും ചുമതലകളിലും വേണ്ടത്ര പങ്കുവഹിക്കാത്തതാണെന്ന് ഗോൾഡിൻ കണ്ടെത്തി.
സ്മാർട്ട്ഫോണും പ്രതി
ഐഫോൺ ജനനനിയന്ത്രണമോ? (Is the Iphone Birth Control? NBER W35310 June 2026) എന്ന പ്രബന്ധം യുഎസിലെ മിഡിൽബറി കോളജ് അധ്യാപകരായ കെയ്റ്റ്ലിൻ കെ. മിയേഴ്സും എസക്കിയേൽ ഹൂപ്പറും ചേർന്ന് എഴുതിയതാണ്. 2007നു ശേഷം യുഎസിൽ പ്രത്യുത്പാദന നിരക്ക് 22 ശതമാനം ഇടിഞ്ഞു. ആ വർഷമാണ് ആപ്പിളിന്റെ സ്മാർട്ട് ഫോൺ (ഐഫോൺ) വിപണിയിൽ ഇറക്കിയത്. പ്രത്യുത്പാദന നിരക്കിൽ വന്ന കുറവിന്റെ 33 മുതൽ 52 വരെ ശതമാനം ഐഫോൺ മൂലമാണെന്ന് ഗവേഷകർ സ്ഥാപിച്ചു. കാരണം: ഐഫോൺ വന്നപ്പോൾ വ്യക്തിപരവും ശാരീരികവുമായ അടുപ്പവും സമ്പർക്കവും കുറഞ്ഞു, അശ്ലീല ആസ്വാദനം കൂടി, ലൈംഗിക ബന്ധപ്പെടലുകൾ കുറഞ്ഞു.
ഇതിനുശേഷം എന്ത്?
ജനനം കൂട്ടാൻ പ്രസവത്തിനും ശിശുസംരക്ഷണത്തിനും മറ്റും പണവും നികുതി ഇളവും ഒക്കെ നൽകി പല രാജ്യങ്ങളും പരീക്ഷണം നടത്തുന്നുണ്ട്. പക്ഷേ നാമമാത്രമാണു ഫലം. കാരണം, സമൂഹത്തിന്റെ മുൻഗണനയിൽ പ്രത്യുത്പാദനം വരുന്നില്ല. അതിന്റെ ഫലമായി രാജ്യങ്ങൾ വൃദ്ധനാടുകളായി മാറുന്നു. ആദ്യം സമ്പന്നരാജ്യങ്ങൾ, പിന്നെ വികസ്വര രാജ്യങ്ങൾ എന്ന ക്രമത്തിൽ നരച്ചു തുടങ്ങും.
അപ്പോൾ എന്താകും? കുട്ടികളുടെ കളിചിരികളും കരച്ചിലും ഉയർന്നു കേൾക്കാത്ത ഭവനങ്ങൾ നമ്മെ നയിക്കുന്നത് മനുഷ്യശബ്ദങ്ങൾ ഇല്ലാത്ത ഒരു ഭൂമിയിലേക്കാണോ? വിജനമായ വന്യഗ്രാമങ്ങളും പ്രേതനഗരങ്ങളും മാത്രം ശേഷിക്കുന്ന ഊഷരഭൂമിയായി ഈ ഗ്രഹം മാറുമാേ? ഇപ്പോൾ ഉത്തരം ഇല്ല.
(നാളെ: അറിഞ്ഞോ അറിയാതെയോ?)